റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച്‌ വെടിവെച്ച്‌ കൊന്ന കേസില്‍ ഗള്‍ഫ് പൗരന് വധശിക്ഷ


ദുബായ്: യുഎഇയിലെ റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച്‌ കൊന്ന കേസില്‍ ഗള്‍ഫ് പൗരന് വധശിക്ഷ. വാഹനത്തിന് കടന്നു പോകാനുള്ള വഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മൂന്ന് സ്ത്രീകളുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വർഷം മെയ് ഏഴിനാണ് റാസല്‍ഖൈമയെ ഞെട്ടിച്ച കൊലപാതകം നടന്നത്. വാഹനത്തിന് കടന്നു പോകാനുള്ള വഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 

66 കാരിയായ അമ്മയും അവരുടെ 36 വയസും, 38 വയസുമുള്ള രണ്ട് പെണ്‍മക്കളുമാണ് വെടിയേറ്റ് മരിച്ചത്. 47 വയസുള്ള മറ്റൊരു മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

മറ്റൊരു രാജ്യത്ത് നിന്ന് കടത്തിയ ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച്‌ മനപൂർവം നടത്തിയ കൊലപാതകമാണ് ഇതെന്ന് റാസല്‍ഖൈമ ക്രിമിനല്‍ കോടതി കണ്ടെത്തി. പ്രതിയുടെ മകനും കോടതി ശിക്ഷി വിധിച്ചു. ഇരകളുടെ കുടുംബത്തിന് എതിരെ വധഭീഷണി മുഴക്കിയതിന് ഇയാള്‍ക്ക് ആറു മാസം തടവും പതിനായിരം ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. 

കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും കുഞ്ഞുങ്ങളുള്ള അമ്മമാരായിരുന്നു. കുട്ടികളിലൊരാള്‍ കൃത്യത്തിന് സാക്ഷിയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ക്രിമിനല്‍ കോടതിയുടെ വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ നല്‍കാൻ അവസരമുണ്ട്.

വളരെ പുതിയ വളരെ പഴയ