ഖത്തർ സമുദ്രമേഖലയിലെ കടൽഗതാഗത വിലക്ക് താൽക്കാലികമായി പിൻവലിച്ചു

 


ദോഹ: ലുസൈൽ സിറ്റി മുതൽ തെക്കുകിഴക്കൻ മേഖലയിലെ ഹമദ് പോർട്ട് വരെയും, പടിഞ്ഞാറൻ തീരത്തെ ഉം ഹീഷ് മുതൽ ദോഹ-സൽവ വരെയുമുള്ള നിശ്ചിത സമുദ്രമേഖലയിലെ കടൽഗതാഗത വിലക്ക് താൽക്കാലികമായി പിൻവലിച്ചതായി ഖത്തർ ഗതാഗത മന്ത്രാലയം (Ministry of Transport) അറിയിച്ചു.

തീരത്തുനിന്ന് ഏകദേശം 7 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രമേഖലയിലാണ് സർവീസുകൾക്ക് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ചരക്കുകപ്പലുകൾ, ബോട്ടുകൾ, മറ്റ് ജലയാനങ്ങൾ എന്നിവയ്ക്ക് ഇതുവഴിയുള്ള നാവിഗേഷൻ സുരക്ഷിതമായി പുനരാരംഭിക്കാം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു മേഖലയിൽ ജലയാനങ്ങൾക്കും കപ്പലുകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിച്ചു സർവീസ് നടത്തുന്ന കപ്പലുകളെ നേരത്തെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

സുരക്ഷാ ഉറപ്പുകൾ പാലിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ചട്ടങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും യാത്രയ്ക്ക് മുൻപും യാത്രയ്ക്കിടയിലും ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും യാനങ്ങളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

 

വളരെ പുതിയ വളരെ പഴയ