ദേരയിലെ കറൻസി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച: മിനിട്ടുകള്‍ക്കുള്ളിൽ 10 മില്യണ്‍ ദിര്‍ഹം വീണ്ടെടുത്ത് ദുബായ് പൊലീസ്, 3 പേർ അറസ്റ്റിൽ


ദുബായ്: ദേരയിലെ കറൻസി എക്‌സ്‌ചേഞ്ച് ഓഫീസില്‍ നിന്ന് കവർന്ന 10 മില്യണ്‍ ദിർഹം മിനിട്ടുകള്‍ക്കിടെ വീണ്ടെടുത്ത് ദുബായ് പൊലീസ്. 

ആഫ്രിക്കൻ പൗരന്മാരായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. SOS എമർജൻസി സേവനത്തിലൂടെയാണ് ദുബായ് പൊലീസ് കവർച്ച പരാജയപ്പെടുത്തുകയും കവർച്ചാ സംഘത്തെ കണ്ടെത്തുകയും ചെയ്തത്.

പുലർച്ചെയാണ് എക്സ്ചേഞ്ച് ഓഫീസില്‍ കവർച്ച നടന്നത്. മൂഖംമൂടി ധരിച്ച മൂന്ന് പേർ അതിക്രമിച്ചു കയറി ജീവനക്കാരെ കെട്ടിയിട്ട് 10 മില്യണ്‍ ദിർഹം പണവുമായി മുങ്ങുകയായിരുന്നു. നിരീക്ഷണ ക്യാമറകള്‍ തകർക്കുകയും ചെയ്തിരുന്നു. 

തുടർന്ന് ഒരു ജീവനക്കാരൻ സ്വയം കെട്ടഴിച്ച്‌ തന്റെ മൊബൈല്‍ ഫോണില്‍ ദുബായ് പൊലീസിന്റെ SOS എമർജൻസി സേവനം ആക്ടീവാക്കുകയായിരുന്നു. തല്‍ക്ഷണം ഓപ്പറേഷൻസ് റൂമില്‍ അലേർട്ട് ലഭിക്കുകയും ഉടനടി പ്രതികരണം ആരംഭിക്കുകയുമായിരുന്നു.

ദേരയിലേക്കുള്ള എല്ലാ എൻട്രി, എക്‌സിറ്റ് പോയിന്റുകളും പൊലീസ് പെട്ടെന്ന് അടച്ചു പൂട്ടി, അയല്‍ പ്രദേശങ്ങളില്‍ നിന്ന് പട്രോളിങ് സംഘങ്ങളെ വിന്യസിച്ചു, സംഘം രക്ഷപ്പെടുന്നത് തടയാൻ കുറ്റവാളികളെ കുറിച്ച്‌ പൊലീസുകാർക്ക് വിവരം നല്‍കി.

വെറും 10 മിനിറ്റിനുള്ളില്‍ ഒരു ട്രാഫിക് സർജന്റ് സംശയാസ്പദമായ ഒരു വാഹനം തടഞ്ഞു നിർത്തി, പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം അടങ്ങിയ ബാഗുകള്‍ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ചെയ്തു. 

ബാക്കിയുള്ള പ്രതികളെ തിരയാൻ ദുബായ് പൊലീസ് ഹെലികോപ്റ്റർ വിന്യസിച്ചു. പണത്തിന്റെ ബാഗുകള്‍ ഉപേക്ഷിച്ച്‌ വ്യാവസായിക യാർഡിലെ കാർഗോ കണ്ടെയ്നറുകള്‍ക്കിടയില്‍ ഒളിക്കാൻ ശ്രമിച്ച പ്രതികളെ ഹെലികോപ്റ്റർ ജീവനക്കാർ കണ്ടെത്തി. 

ഇതോടെ ഗ്രൗണ്ട് സംഘം സ്ഥലത്തെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം ചെലവഴിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു, 10 മില്യണ്‍ ദിർഹം കണ്ടെടുക്കുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ