റിയാദ്: വിദേശ തീർഥാടകർക്ക് ഏറെ ആശ്വാസമേകുന്ന പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ. ഒരു വർഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി ഉംറ വിസകള്‍ രാജ്യം അനുവദിച്ചു തുടങ്ങി.
ജൂലൈ 19 മുതലാണ് പുതിയ വിസകള്‍ നല്‍കിത്തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ വിസ സംവിധാനം നിലവില്‍ വന്നതോടെ തീർഥാടകർക്ക് ഒരു വർഷത്തിനിടയില്‍ പലതവണ സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.
സൗദി വിഷൻ 2030-െൻറയും പില്‍ഗ്രിംസ് സർവീസ് പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, തീർഥാടകരുടെ വരവ് കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്.
ഉംറ വിസയുടെ കാലാവധി നേരത്തെയുണ്ടായിരുന്ന 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ പുതിയ മള്‍ട്ടിപ്പിള്‍ എൻട്രി വിസ ഉപയോഗിച്ച് ഒരു വർഷത്തെ മൊത്തം കാലാവധിക്കുള്ളില്‍ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്.
ഓരോ തവണയും സൗദിയില്‍ ചെലവഴിക്കുന്ന ദിവസങ്ങള്‍ ഈ ആകെ അനുവദിക്കപ്പെട്ട 90 ദിവസത്തില്‍നിന്ന് കുറവ് ചെയ്യപ്പെടും.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി 'നുസുക്' ആപ്പ് വഴി ഉംറ പെർമിറ്റ് എടുത്തിരിക്കണം. ഈ പെർമിറ്റ് തീയതികള്‍ തിരഞ്ഞെടുത്ത പാക്കേജ് തീയതികളുമായി പൊരുത്തപ്പെടുന്നതായിരിക്കണം.
കൂടാതെ യാത്രാ, പ്രവേശന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചിരിക്കണം. ആദ്യ സന്ദർശനത്തിനായുള്ള നടപടികള്‍ ആരംഭിക്കുന്നത് 'നുസുക്' സിസ്റ്റം വഴിയുള്ള പാക്കേജ് പർച്ചേസിലൂടെയാണ്. ഇതിന് ശേഷം വിസയ്ക്കായി അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ അത് പ്രോസസ്സ് ചെയ്യുകയും വേണം.
യാത്ര പുറപ്പെടുന്നതിന് മുൻപായി തീർത്ഥാടകെൻറ യാത്രാ യോഗ്യതകള്‍ ഉറപ്പു വരുത്തും. രാജ്യത്ത് എത്തിച്ചേരുമ്പോള്‍ പ്രവേശന വിവരങ്ങള്‍ രേഖപ്പെടുത്തുകയും, മടങ്ങുമ്പോള്‍ അത് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ബാക്കിയുള്ള താമസ കാലയളവ് ഇതിലൂടെ കൃത്യമായി ട്രാക്ക് ചെയ്യപ്പെടും.
ഈ വിസ കൈവശമുള്ളവർക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിർത്തികള്‍ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളില്‍ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.
ഓരോ തവണ സൗദി അറേബ്യയില്‍ നിന്ന് പുറത്തു പോകുമ്പോഴും വിസ സ്റ്റാറ്റസ് താല്‍ക്കാലികമായി നിർജ്ജീവമാകും. അടുത്ത സന്ദർശനത്തിനായി ആവശ്യമായ നിയന്ത്രണ വ്യവസ്ഥകള്‍ പൂർത്തിയാക്കുമ്പോള്‍ ഇത് വീണ്ടും സജീവമാകും.
എന്നാല്‍ ഹജ്ജ് സീസണില്‍ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. എല്ലാ വർഷവും ദുല്‍ഖഅദ് ഒന്ന് മുതല്‍ ദുല്‍ഹജ്ജ് 13 വരെയുള്ള കാലയളവില്‍ ഈ വിസക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല.
