സിക്കിമിലെ തുരങ്ക ദുരന്തത്തില്‍ മരണപ്പെട്ട മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പില്‍ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അനിശ്ചിതത്വം തുടരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രതിസന്ധിയിലായതോടെ സിക്കിമില്‍ തന്നെ സംസ്കാരം നടത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുടുംബം.
മൃതദേഹം നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ വഴികളും അടയുകയാണെന്നും വേറെ വഴിയില്ലെങ്കില്‍ അവിടെത്തന്നെ സംസ്കരിക്കേണ്ടി വരുമെന്ന വേദനയിലാണ് തങ്ങളെന്നും അനീഷിന്റെ ഭാര്യ സംഗീത പറഞ്ഞു. അനീഷിന്റെ സഹോദരൻ ബിനീഷ് മോഹനും ഭാര്യ സംഗീതയും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സിക്കിം അധികൃതരുടെയും ആരോഗ്യ വിഭാഗത്തിന്റെയും ഭാഗത്തു നിന്ന് വലിയ വീഴ്ചയും കാലതാമസവും ഉണ്ടായതായി കുടുംബം ആരോപിക്കുന്നു. അപകടത്തെ തുടർന്ന് ബിനീഷ് മോഹൻ, ഭാര്യസഹോദരൻ സനല്‍, സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം കണ്ടെത്തിയെങ്കിലും, മരണം നടന്ന് 72 മണിക്കൂർ പിന്നിട്ടതിനാല്‍ വിമാന മാർഗം കൊണ്ടുപോകുന്നതിനുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കാൻ ആരോഗ്യ വിഭാഗം വിസമ്മതിക്കുകയായിരുന്നു.
കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎല്‍എ, നോർക്ക എന്നിവരുടെ ശക്തമായ ഇടപെടലിന് ശേഷമാണ് സിക്കിം അധികൃതർ തുടർനടപടികള്‍ക്ക് തയാറായത്.
