ജിദ്ദ: വാണിജ്യ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന ഹൂതി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യെമനിലെ ഹൊദൈദ ഗവർണറേറ്റിൽ ആക്രമണം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. ചെങ്കടലിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച സൗദി സഖ്യസേനയുടെ നടപടിയുണ്ടായത്.
ഹൊദൈദ നഗരത്തിലെ സർക്കാർ ടെലികോം കോർപ്പറേഷൻ കേന്ദ്രങ്ങൾക്ക് നേരെയാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് ഹൂതി അനുകൂല മാധ്യമമായ അൽ മസീറ ടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ യെമന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കമറാൻ ദ്വീപിനെ ലക്ഷ്യമാക്കിയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹൊദൈദ തുറമുഖത്തെ ലക്ഷ്യമിട്ടല്ല ഈ ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി വ്യക്തമാക്കി. ഹൊദൈദ, റാസ് ഇസ്സ, സലീഫ് എന്നിവയുൾപ്പെടെ യെമനിലെ എല്ലാ പ്രധാന തുറമുഖങ്ങളും കപ്പൽ ഗതാഗതത്തിനായി തുറന്നിട്ടിരിക്കുകയാണ്. വാണിജ്യ കപ്പലുകൾക്ക് ഇതുവഴി സുരക്ഷിതമായി യാത്ര ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ കപ്പലുകളുടെയും സൗദി അറേബ്യയുടെ ദേശീയ താൽപ്പര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കും. ശത്രുതാപരമായ നീക്കങ്ങളുമായി ഹൂതികൾ മുന്നോട്ട് പോകുകയാണെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത രീതിയിൽ തിരിച്ചടിക്കുമെന്നും സൗദി സഖ്യസേന മുന്നറിയിപ്പ് നൽകി.
