അബൂദബി: എഞ്ചിൻ ഓഫാക്കാതെ വാഹനം ഉപേക്ഷിച്ച് പോകുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി അബൂദബി പോലീസ്. എഞ്ചിൻ പ്രവർത്തിക്കുന്ന രീതിയിൽ വാഹനം നിർത്തിയിട്ട് പോകുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സാധനങ്ങൾ വാങ്ങാൻ കടകളിൽ കയറുമ്പോഴും എടിഎം ഉപയോഗിക്കുമ്പോഴും പട്രോൾ പമ്പുകളിലും നമസ്കാരത്തിനായി പള്ളികളിൽ കയറുമ്പോഴുമാണ് പലരും വാഹനം സ്റ്റാർട്ടാക്കി ഇടുന്നത്. ഇത്തരം അശ്രദ്ധ കാണിക്കുന്നത് വാഹനം എളുപ്പത്തിൽ മോഷണം പോകാനും പെട്ടെന്നുള്ള തീപിടിത്തങ്ങൾക്കും കാരണമാകുമെന്ന് അബൂദബി പോലീസ് വ്യക്തമാക്കി. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും വാഹനം നിർത്തി പുറത്തിറങ്ങുമ്പോൾ എഞ്ചിൻ പൂർണമായും ഓഫാക്കി വാതിലുകൾ പൂട്ടി എന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദേശിച്ചു.
