മേഖലയിലെ സംഘർഷാവസ്ഥ യുഎഇ കുവൈത്ത് വിമാന സർവീസുകൾ റദ്ദാക്കി

 


മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെയും പ്രവർത്തനപരമായ വെല്ലുവിളികളെയും തുടർന്ന് യുഎഇക്കും കുവൈത്തിനുമിടയിലുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ എന്നിവയാണ് സർവീസുകൾ റദ്ദാക്കിയത്. വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങൾ യാത്രക്കാർ പരിശോധിക്കണമെന്നും ടിക്കറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനും ഇടയിലുള്ള എമിറേറ്റ്സിന്റെ പ്രധാന സർവീസുകളാണ് റദ്ദാക്കിയത്. ദുബായിൽ നിന്ന് കുവൈത്തിലേക്കുള്ള ഇകെ 853, ഇകെ 855, ഇകെ 857, ഇകെ 859 വിമാനങ്ങളും, കുവൈത്തിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 854, ഇകെ 856, ഇകെ 858, ഇകെ 860 സർവീസുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. കോഡ്‌ഷെയർ പങ്കാളികൾ നടത്തുന്ന സർവീസുകളുടെ വിവരങ്ങൾക്ക് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകൾ പരിശോധിക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു.

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ ഇ വൈ 653, ഇ വൈ 654 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കിവരികയാണെന്നും വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഇമെയിലും പുതുക്കണമെന്നും ഇത്തിഹാദ് വ്യക്തമാക്കി. ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള എയർ അറേബ്യയുടെ ഒട്ടേറെ കുവൈത്ത് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നിർദേശമുണ്ട്.




വളരെ പുതിയ വളരെ പഴയ