സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കും സമാന തൊഴിൽ വിസയിലുള്ളവർക്കും ഇനി മുതൽ മൂന്നു മാസ കാലാവധിയുള്ള ത്രൈമാസ ഇഖാമകൾ ലഭ്യമാകും. ഗാർഹിക തൊഴിലാളികൾക്ക് പുതിയ ഇഖാമ നൽകാനും പുതുക്കാനും മൂന്ന് മാസ അടിസ്ഥാനത്തിൽ ഫീസ് അടയ്ക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന സുപ്രധാന മന്ത്രിസഭാ തീരുമാനമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഏകീകൃത ദേശീയ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ മുസാനിദുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജവാസാത്ത് പാസ്പോർട്ട് ഡയറക്ടറേറ്റാണ് പുതിയ സേവനം നടപ്പിലാക്കുന്നത്.
പുതിയ സേവനം വഴി മൂന്ന് മാസത്തേക്കോ അതിന്റെ ഗുണിതങ്ങളായുള്ള കാലയളവിലേക്കോ പുതിയ ഇഖാമകൾ നൽകാൻ സാധിക്കും. തിരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് ഇഖാമ ഫീസ് ഗഡുക്കളായി അടക്കാൻ തൊഴിലുടമകൾക്ക് അവസരമുണ്ടാകും. ഒറ്റയടിക്ക് ഫീസ് അടയ്ക്കുന്നതിലെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനൊപ്പം തൊഴിലുടമകൾക്കും ഗുണഭോക്താക്കൾക്കും കൂടുതൽ സാവകാശം നൽകുന്നതാണ് ഈ പുതിയ സംവിധാനം.
ഗാർഹിക തൊഴിലാളികളുടെ ഇഖാമകൾ 12, 24 മാസ കാലാവധികൾക്ക് പുറമേ 3, 6, 9, 15, 18, 21 മാസ കാലാവധികളിൽ പുതുക്കാൻ അബ്ഷിർ പ്ലാറ്റ്ഫോമിലും ഇപ്പോൾ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവരെ ഒന്നോ രണ്ടോ വർഷ കാലാവധികളിൽ മാത്രമായിരുന്നു ഇഖാമ പുതുക്കാൻ കഴിഞ്ഞിരുന്നത്. ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിൻ്റെയും ഡിജിറ്റൽ പരിവർത്തനത്തിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം സ്ഥാപനങ്ങൾക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ ഭാഗമായി വിദേശികളുടെ ഇഖാമയിലെ അറബി പേരുകളിൽ തിരുത്തൽ വരുത്താൻ മുഖീം പോർട്ടൽ വഴി സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മുഖീം പോർട്ടലിൽ ലോഗിൻ ചെയ്ത് വിദേശിയുടെ ഇഖാമ നമ്പർ നൽകി പ്രൊഫൈൽ എടുത്ത ശേഷം ജവാസാത്ത് സേവനങ്ങൾ വഴി പേരിൽ ഭേദഗതി വരുത്താം. വ്യവസ്ഥകൾക്ക് വിധേയമായി പേര് തിരുത്തിയ ശേഷം പുതിയ ഇഖാമ അനുവദിക്കാനും ഇതിലൂടെ സാധിക്കും.
