ദുബായ്:തൊഴിൽ, റസിഡൻസ്, സന്ദർശക വിസകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെയും വിവിധ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയുമാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. പരസ്യങ്ങൾ കണ്ട് ആരും പണം നൽകരുതെന്ന് അധികൃതർ വ്യക്തമാക്കി.
ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ പേരിലോ, സർക്കാർ സ്ഥാപനങ്ങളാണെന്ന വ്യാജേനയോ പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ ആന്റി ഫ്രോഡ് സെന്റർ അറിയിച്ചു. ഇത്തരം വ്യാജ ഓഫറുകളിൽ വഞ്ചിതരാകരുത്. ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ വഴിയോ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക സേവനദാതാക്കൾ വഴിയോ മാത്രമേ വിസ നടപടികൾ പൂർത്തിയാക്കാവൂ എന്നും വിശ്വാസ്യതയില്ലാത്ത ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
പണം കൈമാറുന്നതിന് മുൻപ് വിസ ഓഫറുകളുടെ ആധികാരികത ഔദ്യോഗിക മാർഗങ്ങളിലൂടെ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ ജോലി വാഗ്ദാനങ്ങളിലും വിസ വാഗ്ദാനങ്ങളിലും വീഴരുതെന്നും ദുബായ് പൊലീസ് അറിയിച്ചു.
