ഇറാനിൽ അമേരിക്കൻ ആക്രമണം തുടരുന്നു തിരിച്ചടിച്ച് ഇറാനും

 


ഇറാനിലുടനീളം ആക്രമണം ശക്തമാക്കി അമേരിക്ക. ഖേഷം ദ്വീപിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബന്തര്‍ അബാസ്, ചബഹര്‍ എന്നിവിടങ്ങളിലും കടുത്ത ആക്രമണമുണ്ടായി. അഹ്വാസ് ക്യാന്‍സര്‍ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായാണ് വിവരം. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നാണ് അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചത്. അതേസമയം അറബ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി.

ഇറാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് യുഎഇയും രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങാന്‍ ശ്രമിച്ച എണ്ണക്കപ്പലിനെ ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കിയതായി യുഎസ് സൈന്യം അറിയിച്ചു. അതേസമയം റോമില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ നിന്ന് പരിമിതമായ അളവില്‍ ഇസ്രയേലി സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ലെബനനും ഇസ്രായേലും സമ്മതമറിയിച്ചതായും യുഎസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 35 പേര്‍ മരിച്ചതായും 300 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യക്കും കുവൈറ്റിനും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാനാണ് അമേരിക്കയുടെ നീക്കം. സൗദിക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും കുവൈറ്റിനായി 484 മില്യണ്‍ ഡോളറിന്റെ പ്രത്യേക വിമാന സംരക്ഷണ പാക്കേജിനും അമേരിക്ക അംഗീകാരം നല്‍കി.

കഴിഞ്ഞ ദിവസവും ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയിരുന്നു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്. ഇറാന്റെ തീരദേശ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും വാണിജ്യ കപ്പല്‍ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക സംവിധാനങ്ങളെ തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പശ്ചിമേഷ്യയില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നാലാം ദിനവും രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ 0.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.


വളരെ പുതിയ വളരെ പഴയ