വാഷിങ്ടൺ: ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ സേനയെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതടക്കമുള്ള നടപടികൾ ഉൾപ്പെടുന്ന ചരിത്രപരമായ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗസ്സയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണം കൂടി ഉൾപ്പെടുന്നതാണ് കരാർ. സ്വന്തം പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഗസ്സയിൽ പുതിയ ഫലസ്തീൻ ഭരണകൂടം നിലവിൽ വരുന്നതിനും ഇസ്രായേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റത്തിനും വഴിതുറക്കുന്ന നിർണ്ണായക ചുവടുവെപ്പാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. യു.എസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഈ നിർണായക നീക്കം. കരാർ സാധ്യമാക്കാൻ സഹായിച്ച മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് യു.എസ് പ്രസിഡന്റ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
14 ദിവസത്തെ റോഡ്‌മാപ്പ്; സുരക്ഷയ്ക്ക് അന്താരാഷ്ട്ര സേന:
സായുധ ഗ്രൂപ്പുകളുടെ നിരായുധീകരണത്തിനായുള്ള കൃത്യമായ റോഡ്‌മാപ്പ് 14 ദിവസത്തിനകം തയാറാക്കാനാണ് തീരുമാനം. അന്താരാഷ്ട്ര പരിശോധനാ സമിതിയുടെ അനുമതിയോടെ സമയം നീട്ടിനൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. നിരായുധീകരണം പൂർത്തിയാകുന്ന മുറക്ക് ഇസ്രായേൽ സേന ഗസ്സയിൽ നിന്ന് പൂർണ്ണമായി പിന്മാറും. തുടർന്ന് ഗസ്സയിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സും (ISF) പുതിയ ഫലസ്തീൻ പോലീസ് സേനയും സംയുക്തമായി പ്രവർത്തിക്കും.
വ്യവസ്ഥകളോടെ അംഗീകരിച്ച് ഹമാസ്:
ആയുധങ്ങൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയതായി മുതിർന്ന ഹമാസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ, ഇസ്രായേൽ തങ്ങളുടെ ബാധ്യതകൾ നിറവേറ്റിയില്ലെങ്കിൽ കരാറിന്റെ ഒരു ഭാഗവും നടപ്പിലാക്കില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തെയും പുനർനിർമാണ പുരോഗതിയെയും ആശ്രയിച്ചായിരിക്കും നിരായുധീകരണമെന്നും ഹമാസ് കൂട്ടിച്ചേർത്തു. ഗസ്സയുടെ ഭരണച്ചുമതലയ്ക്ക് മേൽനോട്ടം വഹിക്കുന്ന 'ബോർഡ് ഓഫ് പീസ്' സമിതിയുടെ കീഴിലുള്ള നാഷണൽ കമ്മിറ്റിക്കായിരിക്കും സായുധ വിഭാഗങ്ങൾ ആയുധങ്ങൾ കൈമാറുക.
അതേസമയം കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 73,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മുൻപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലംഘിക്കപ്പെട്ടിരുന്നു. വെടിനിർത്തലിന് ശേഷവും 1,200-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും കൂടുതൽ ഭൂമി അധിനിവേശത്തിലാക്കുകയും മാനുഷിക സഹായങ്ങളുടെ വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.
