ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം കനക്കുന്നതിനിടെ പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷം. ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തി. ഹോർമൂസിന്റെ നിയന്ത്രണം ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇതിനെതിരെ ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഹോർമൂസ് കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ചെങ്കടലിലെ ബാബ് അൽ മന്ദബ് പാത അടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. ചെങ്കടൽ പാത അടയ്ക്കുന്നതോടെ ആഗോള ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണിയിലാകുമെന്നും ഇറാന്റെ ഔദ്യോഗിക ചാനലായ പ്രസ് ടിവിയിലൂടെ ഭീഷണി മുഴക്കി.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വഷളായ പശ്ചാത്തലത്തിലാണ് ബാബ് അൽ മന്ദബ് അടയ്ക്കുമെന്ന ഭീഷണി ഉയർന്നിരിക്കുന്നത്. ആക്രമണം തുടർന്നാൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറായി ഉയർന്നേക്കുമെന്ന് യെമനും മുന്നറിയിപ്പ് നൽകുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാന പാതയാണിത്. ഭീഷണിയെത്തുടർന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള എണ്ണക്കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയും അമേരിക്കൻ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ഇപ്പോൾ ആഗോള വിപണി
