വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും തുടരുന്ന സംഘർഷങ്ങളും ആഗോള എണ്ണവിപണിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ ഈ വർഷം എണ്ണ വിതരണത്തിൽ പ്രതിദിനം 4.3 ദശലക്ഷം (43 ലക്ഷം) ബാരലിന്റെ കുറവുണ്ടാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ആഗോള വിതരണത്തിന്റെ ഏകദേശം 4 ശതമാനം വരുന്ന വൻ ഇടിവാണിത്.
മേഖലയിൽ തുടരുന്ന യുദ്ധ സാഹചര്യങ്ങളാണ് എണ്ണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനോ, ബാബ് അൽ-മൻദെബ് സമുദ്രപാതയിലൂടെ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനോ ഇതുവരെ ധാരണയാകാത്തതാണ് വിതരണത്തെ ഗുരുതരമായി ബാധിച്ചത്. ഈ അനിശ്ചിതത്വം കാരണം ഈ വർഷത്തെ ശേഷിക്കുന്ന കാലയളവിലേക്കുള്ള വിതരണ കണക്കുകൾ ഐഇഎ വീണ്ടും വെട്ടിക്കുറയ്ക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലെ റിപ്പോർട്ടിൽ പ്രതിദിനം 3.7 ദശലക്ഷം ബാരലിന്റെ കുറവായിരുന്നു കണക്കാക്കിയിരുന്നതെങ്കിൽ, നിലവിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം ആകെ എണ്ണ വിതരണം പ്രതിദിനം 102.02 ദശലക്ഷം ബാരലായി ചുരുങ്ങും. നിലവിലുള്ള യുദ്ധം വിപണിയിൽ ആവശ്യക്കാരും ലഭ്യതയും തമ്മിൽ വലിയ വിടവ് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഈ വർഷത്തേക്ക് ഐഇഎ നൽകുന്ന ഏറ്റവും കുറഞ്ഞ വിതരണ നിരക്കാണിത്.
