കൊച്ചി: ഈ ഓണക്കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും വിമാന യാത്ര ചെയ്യുന്നവർക്ക് ആകാശത്തുവെച്ച് ഓണം ഉണ്ണാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർക്കായി പരമ്പരാഗത രീതിയിലുള്ള വിശിഷ്ടമായ ഓണസദ്യ എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്.
ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖേന ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക പോർട്ടൽ വഴി സേവനങ്ങൾ ലഭ്യമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.
ചടങ്ങിൽ എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും പങ്കെടുത്തു. കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമായ ഓണത്തെ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കുന്നതിൽ ആകാശത്തൊരുക്കുന്ന ഓണസദ്യ വലിയ പങ്കുവഹിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിമാനത്തിൽ യാത്രക്കാർക്കായി മികച്ച ഓണസദ്യയൊരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും വിമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് വിജകരമായി ഓണസദ്യ വിതരണം ചെയ്തിരുന്നു. ഇത്തവണയും മുൻകൂട്ടി ബുക്ക് ചെയ്യുന്ന മുഴുവൻ യാത്രക്കാർക്കും വിമാനത്തിൽ സദ്യ ആസ്വദിക്കാൻ സാധിക്കും.
