അബുദാബി: യു.എ.ഇ.യിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശന വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമേകുന്നതാണ് പുതിയ ഇളവുകൾ.
പുതിയ നിബന്ധനകൾ പ്രകാരം, മാതാപിതാക്കൾ, പങ്കാളി, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളെ (First-degree relatives) സന്ദർശന വിസയിൽ കൊണ്ടുവരുന്നതിന് അപേക്ഷകന് കുറഞ്ഞത് 4,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. സഹോദരങ്ങൾ ഉൾപ്പെടെയുള്ള രണ്ടാം നിര ബന്ധുക്കൾക്ക് (Second-degree relatives) 8,000 ദിർഹവും സുഹൃത്തുക്കളെ കൊണ്ടുവരുന്നതിന് 15,000 ദിർഹവുമാണ് കുറഞ്ഞ പ്രതിമാസ ശമ്പള പരിധിയായി നിശ്ചയിച്ചിട്ടുള്ളത്.
30 ദിവസം, 60 ദിവസം, 90 ദിവസം എന്നിങ്ങനെ കാലാവധിയുള്ള വിസകളാണ് ലഭ്യമാകുക. കൂടാതെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രീതിയിൽ ഒറ്റത്തവണ പ്രവേശനത്തിനുള്ള (Single entry) വിസകളും ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകാവുന്ന (Multiple entry) വിസ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നതോടെ വിസ നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാൻ സാധിക്കും.
