ന്യൂയോർക്ക്: ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ഭീകരതയുടെ സ്പോൺസറാണെന്നും എന്നും പശ്ചിമേഷ്യയ്ക്ക് ഭീഷണിയാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭരണനേട്ടങ്ങളും ലോകസമാധാനത്തിന് നൽകിയ സംഭാവനകളും ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രസംഗം.
പതിറ്റാണ്ടുകളായി മതഭ്രാന്ത് നിറഞ്ഞ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലകളും നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇറാന്റെ കാര്യത്തിൽ നിർണ്ണായകമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. നയതന്ത്ര കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ശക്തമായ നടപടികളിലൂടെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വരുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടികൾ തന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും രണ്ടര വർഷത്തോളം താൻ ഈ പദവിയിൽ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നവംബറിലെ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാൻ ഒരു കരാറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, ട്രംപിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് യു.എൻ ജനറൽ അസംബ്ലി ഹാളിൽ ഉണ്ടായിരുന്ന ഇറാനിയൻ പ്രതിനിധി സംഘം ഇറങ്ങിപ്പോയി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും പ്രസംഗ സമയത്ത് ഹാളിൽ സന്നിഹിതരായിരുന്നില്ല.
അതേസമയം, യുദ്ധങ്ങൾ കാരണം യു.എസിന്റെ ആയുധശേഖരം കുറഞ്ഞെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ ട്രംപ്, ഇനിയും ഉപയോഗിക്കാത്ത നിരവധി അത്യാധുനിക ആയുധങ്ങൾ രാജ്യത്തിന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ കേവലം സൈനിക ശക്തി കൊണ്ടുമാത്രം ലോകത്ത് ശാശ്വത സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് തന്റെ ആമുഖ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.
