ന്യൂയോർക്ക്: അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുക.
അഞ്ജനയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തൃശൂരിലെ വീട്ടുവളപ്പിൽ നടക്കും. ആൻ മേരി മാത്യുവിന്റെ മൃതദേഹം ഭർത്താവ് പള്ളത്ര ജേക്കബ് ആൻഡ്രൂസിന്റെ നാടായ കോട്ടയം പള്ളത്ത് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എത്തിക്കും. സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കും.
കേശവദാസപുരം മറ്റത്ത് ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജി. മാത്യുവിന്റെയും മകളാണ് ആൻ മേരി. ആൻഡ്രീന, അലീസ എന്നിവരാണ് മക്കൾ.
