ദുബായ്: പുതിയ ഐഫോൺ 18 സീരീസ് വിപണിയിലിറങ്ങിയതിന് പിന്നാലെ വൻ തുക ചെലവഴിച്ച് ഫോണുകൾ സ്വന്തമാക്കി രണ്ട് മലയാളി യുവാക്കൾ. മാഹി സ്വദേശി റെയ്ഹാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് ഷെബീബ് എന്നിവരാണ് ഐഫോൺ 18 പ്രോ, പ്രോ മാക്സ് ഫോണുകൾക്കായി ഒരു കോടിയോളം രൂപ ചെലവഴിച്ചത്.
ആദ്യ മണിക്കൂറിൽ തന്നെ 36 ഫോണുകൾ സ്വന്തമാക്കിയ ഇരുവരും തുടർന്ന് 24 ഫോണുകൾ കൂടി വാങ്ങി. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച പ്രീ-ഓർഡർ നടപടികളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റും പത്തോളം മൊബൈൽ ഫോണുകളും ഉപയോഗിച്ചാണ് ഇവർ ഓർഡറുകൾ ഉറപ്പാക്കിയത്. ദുബായ് മാളിന് സമീപം കാറിലിരുന്നാണ് ഓർഡറുകൾ പൂർത്തിയാക്കിയത്.
പുതിയ ഫോണുകൾ വിപണിയിലിറങ്ങുന്ന ആദ്യ ദിനം തന്നെ സ്വന്തമാക്കാൻ ആവശ്യക്കാർ വലിയ തുക മുടക്കാൻ തയ്യാറായതോടെ ഇരുവരും ഓർഡർ ചെയ്ത മുഴുവൻ ഫോണുകളും ഉയർന്ന ലാഭത്തിൽ വിറ്റഴിച്ചു. ഓരോ ഫോണിലും 500 ദിർഹത്തിന് മുകളിലും ചില മോഡലുകൾക്ക് 2000 ദിർഹം വരെ അധിക തുകയും ലഭിച്ചതായി യുവാക്കൾ വ്യക്തമാക്കി.
