വാഷിംഗ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ഉപരോധ ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയുടെ ഊർജ്ജ, പ്രതിരോധ മേഖലകളെ ലക്ഷ്യമിട്ട് സാമ്പത്തിക സ്രോതസുകൾ തടയുന്നതിനാണ് അമേരിക്കയുടെ ഈ നീക്കം.
പ്രതിനിധി സഭയിൽ 159-നെതിരെ 262 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ നിയമമായെങ്കിലും ഇന്ത്യക്കെതിരെ ഉടനടി വൻ തീരുവ ചുമത്തിയേക്കില്ലെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അമേരിക്കയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
അതേസമയം, രാജ്യത്തെ ജനങ്ങളുടെ ഊർജ സുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും വ്യാപാരവും സംരക്ഷിക്കുമെന്നും യുഎസിന്റെ പുതിയ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
