റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ എത്തുന്നവർക്ക് ഇന്ത്യയിൽ വെച്ച് സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം' വഴിയാണ് പരീക്ഷ നടത്തുന്നത്. സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ 'മുസാനിദിൽ' സ്കിൽ ടെസ്റ്റ് ഓപ്ഷൻ അപ്ഡേറ്റ് ചെയ്തതോടെയാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്.
തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ വിസ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാവൂ. നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. കൂടാതെ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്‌നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഔദ്യോഗിക വെബ്സൈറ്റിൽ പാസ്പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത ശേഷമാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. അതേസമയം, മറ്റു ഗാർഹിക വിസകൾക്ക് നിലവിൽ സ്കിൽ ടെസ്റ്റ് നിർബന്ധമില്ല.
