ഇറാനിയൻ വിമാനക്കമ്പനികൾക്ക് സെപ്തംബർ 23 മുതൽ ലോകമെമ്പാടും ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ചൈന രംഗത്തെത്തി. തികച്ചും നിയമവിരുദ്ധമായ ഇത്തരം നടപടികളെ ശക്തമായി എതിർക്കുന്നതായി ചൈന വ്യക്തമാക്കി.
ഇറാന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, അമേരിക്കൻ ഉപരോധങ്ങളുടെ ഫലമായി ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ വിമാനക്കമ്പനികളും അടച്ചുപൂട്ടേണ്ടിവരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സിഎൻബിസിയോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമോ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ അംഗീകാരമോ ഇല്ലാത്ത നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങളെ ചൈന സ്ഥിരമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബീജിംഗിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറാനുമായുള്ള പ്രധാന സാമ്പത്തിക പങ്കാളിയും നയതന്ത്രതലത്തിൽ അവരെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നുമാണ് ചൈന.
