അമേരിക്കയുമായുള്ള ചർച്ചകളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ


തെഹ്റാൻ: അമേരിക്കയുമായി അടുത്ത ഘട്ട ചർച്ചകൾക്ക് ഇറാൻ തയാറെടുക്കുന്നു എന്ന രീതിയിൽ ആക്സിയോസ് നൽകിയ റിപ്പോർട്ട് ഇറാൻ നിഷേധിച്ചു. ഇത്തരത്തിലുള്ള പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ വിപണികളെയും എണ്ണവിലയെയും സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഉന്നത ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് വ്യക്തമാക്കി. ചർച്ചകൾക്കായി ഇറാൻ സാങ്കേതിക വിദഗ്ധരെ ന്യൂയോർക്കിലേക്ക് അയക്കുന്നുവെന്ന അൽ ജസീറയുടെ റിപ്പോർട്ടും സത്യവിരുദ്ധമാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം പ്രശ്നപരിഹാരം ലക്ഷ്യമാക്കി ഖത്തർ വഴി ഇറാൻ അമേരിക്കയ്ക്ക് ചില നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആവശ്യമായ വ്യവസ്ഥകൾ പാലിക്കപ്പെട്ടാൽ ഏഴ് ദിവസത്തിനുള്ളിൽ കടലിടുക്ക് വീണ്ടും തുറക്കാനും സാധാരണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി അരാഗ്ചി ഇക്കാര്യം ചർച്ച ചെയ്തതായും വിവരങ്ങളുണ്ട്.


വളരെ പുതിയ വളരെ പഴയ