ടെഹ്റാൻ: ഉപരോധങ്ങൾ പൂർണ്ണമായി പിൻവലിക്കൽ ഉൾപ്പെടെ ഇറാൻ മുന്നോട്ടുവെച്ച മൂന്ന് പ്രധാന വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യവസ്ഥകൾ പാലിച്ചാൽ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു.
വിവിധ മേഖലകളിലെ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കുക, വിദേശ ബാങ്കുകളിൽ മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തി വിട്ടു നൽകുക, നാവിക-സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിന് അടുത്താണെന്ന അമേരിക്കയുടെ വാദം വലിയ നുണയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി. ഇറാനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ ഇറാഖിന്റെ നടപടിയെയും ഇറാൻ അപലപിച്ചു.
അതിനിടെ, സൗദി അറേബ്യയിലെ മക്ക നഗരത്തെയും മറ്റ് സിവിൽ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മക്ക ഉടമ്പടിയിലെ അംഗരാജ്യങ്ങളിലെ സൈനിക മേധാവികൾ സൗദി അറേബ്യയിൽ അടിയന്തര യോഗം ചേർന്നു. ആക്രമണങ്ങളെ സംയുക്തമായി അപലപിച്ചതായി സൗദി, പാകിസ്ഥാൻ, തുർക്കി രാജ്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
