വ്യാജ പ്രവൃത്തി പരിചയ രേഖ: ഖത്തറിൽ 27 നഴ്‌സുമാർക്ക് ആജീവനാന്ത വിലക്ക്, ജോലിയിൽ നിന്ന് പുറത്താക്കി

 


ദോഹ: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയ 27 നഴ്‌സുമാരെ ഖത്തർ ജോലിയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് ഇവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ, ലൈസൻസിങ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചറിഞ്ഞത്. രജിസ്ട്രേഷൻ പ്രക്രിയയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രേഖകളുടെ കൃത്യത പരിശോധിക്കാറുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ പ്രൊഫഷൻസ് വകുപ്പ് ഡയറക്ടർ ഡോ. സാദ് അൽ കാബി വ്യക്തമാക്കി.

നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ പ്രത്യേക ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കർശന നടപടികളെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, താമസക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെ തന്നെ ക്യുഐഡി ഉപയോഗിച്ച് മെഡിക്കൽ സേനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രീകൃത സംവിധാനം ഖത്തർ അടുത്തിടെ നടപ്പിലാക്കിയിരുന്നു. ഈ വർഷം ഏപ്രിലിൽ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദാണ് ഈ മാറ്റം പ്രഖ്യാപിച്ചത്.

വളരെ പുതിയ വളരെ പഴയ