കുവൈത്തിൽ വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റാക്കി മാറ്റാം: 150 ദിനാർ ഫീസ് ഏർപ്പെടുത്തി

 


കുവൈത്ത് സിറ്റി: രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്ന പ്രവാസികൾക്ക് എൻട്രി വിസകൾ റെഗുലർ റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറ്റാൻ അനുമതി നൽകി കുവൈത്ത്. വിസിറ്റ് വിസകൾ സാധാരണ റെസിഡൻസ് പെർമിറ്റുകളാക്കി മാറ്റുന്നതിന് 150 കുവൈത്തി ദിനാർ (ഏകദേശം 41,000 രൂപ) ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറിനേഴ്സ് റെസിഡൻസ് നിയമത്തിലെ ഭേദഗതികൾ ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽയൂമിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നു.

കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും പുതിയ ജീവനക്കാരെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന് ജോബ് വിസയിലേക്ക് മാറ്റാൻ ശ്രമിക്കുന്ന തൊഴിലുടമകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സന്ദർശക വിസ റെസിഡൻസ് വിസയാക്കി മാറ്റാൻ ആഗ്രഹിക്കുന്ന അപേക്ഷകർ അപേക്ഷയോടൊപ്പം 150 ദിനാർ അധികമായി അടയ്ക്കേണ്ടതുണ്ട്.

അതേസമയം ഗാർഹിക തൊഴിലാളികളെയും ആ ഗണത്തിൽപ്പെടുന്ന ജീവനക്കാരെയും ഈ 150 ദിനാർ ഫീസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ താമസ നിയമ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെയും പുതുക്കുന്നതിന്റെയും ഭാഗമായാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഈ നടപടി.

 

വളരെ പുതിയ വളരെ പഴയ