ദോഹ : യാത്രയ്ക്കിടെ ബോർഡിംഗ് പാസിന്റെ ചിത്രങ്ങളും യാത്രാവിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തർ ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 3 തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നത് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും വെളിപ്പെടുന്നതിന് ഇടയാക്കുമെന്ന് ഏജൻസി വ്യക്തമാക്കി.
ബോർഡിംഗ് പാസിലുള്ള ക്യുആർ കോഡിലോ ബാർകോഡിലോ പേര്, ടിക്കറ്റ് നമ്പർ, പിഎൻആർ, ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. സവിശേഷ ടൂളുകൾ ഉപയോഗിച്ച് ആർക്കും ഇത് സ്കാൻ ചെയ്ത് വിവരങ്ങൾ ചോർത്താനാകും. PNR നമ്പറും പേരും കൈക്കലാക്കുന്ന ഒരാൾക്ക് എയർലൈൻ വെബ്‌സൈറ്റിൽ കയറി യാത്രാ തീയതി മാറ്റാനോ, സീറ്റ് അല്ലെങ്കിൽ ഭക്ഷണ മെനു മാറ്റാനോ, യാത്ര തന്നെ റദ്ദാക്കാനോ സാധിക്കും.
കൂടാതെ പാസ്‌പോർട്ട് വിവരങ്ങൾ, എയർലൈൻ ഫ്രീക്വന്റ് ഫ്ലയർ അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോർത്താനും അത് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്. യാത്രയിലാണെന്ന് സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുമ്പോൾ വീട് വിജനമാണെന്ന് മോഷ്ടാക്കൾ മനസ്സിലാക്കാനും ഇടയുണ്ട്. അതിനാൽ സോഷ്യൽ മീഡിയയിൽ സന്തോഷനിമിഷങ്ങൾ പങ്കുവെക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും മറച്ചുവെക്കണമെന്ന് എൻസിഎസ്എ യാത്രക്കാരോട് നിർദ്ദേശിച്ചു.
