കഠ്മണ്ഡു: നേപ്പാളിലെ മധ്യജില്ലകളിൽ വീശിയടിച്ച മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 389 ആയി ഉയർന്നു. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1468 പേരെ കാണാതായതായി വിദേശകാര്യ മന്ത്രാലയവും പ്രാദേശിക അധികൃതരും അറിയിച്ചു. ഇതിൽ 590 പേർ വിനോദസഞ്ചാരികളാണ്. മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റസുവ, ധാടിങ്, നുവാകോട്ട്, ചിത്‌വൻ എന്നീ നാല് ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. മഞ്ഞുമല അടർന്നുമാറി നദിയിലേക്ക് പതിച്ചതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. നഗ് ദുംഗ-മഗ് ലിങ് ദേശീയപാത തകർന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയും സഹായം നൽകിവരുന്നു.
