റിയാദിൽ ആശുപത്രിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ബത്ഹയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


റിയാദിൽ ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയും മാസങ്ങളോളം അലഞ്ഞുതിരിയുകയും ചെയ്ത മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസൻ (38) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിന്റെ വരാന്തയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസും റെഡ് ക്രസന്റ് അധികൃതരും മരണം സ്ഥിരീകരിച്ചു. തുടർന്ന് അർദ്ധരാത്രിയോടെ മൃതദേഹം കിങ് സഊദ് മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ മേയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നെങ്കിലും പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സൗദിയിലെത്തിയിട്ട് അഞ്ചുവർഷമായ ടിൻസൻ രണ്ട് വർഷം മുൻപ് വരെ റിയാദ് എക്സിറ്റ് 17-ലെ ഒരു ടയർ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാലും ജോലിയില്ലാത്തതിനാലും നാട്ടിൽ പോകാൻ കഴിയാത്ത കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാൾ. പിന്നീട് സാമൂഹികപ്രവർത്തകർ ഇയാളെ കണ്ടെത്തുകയും നാട്ടിലേക്ക് അയക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഇയാളുടെ സഹകരണമില്ലാതിരുന്നതിനാൽ ശ്രമം പൂർത്തിയായില്ല. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.

പരേതനായ തോമസിന്റെയും റീന തോമസിന്റെയും മകനായ ടിൻസൻ അവിവാഹിതനാണ്. ടീന ബിജുവാണ് ഏക സഹോദരി. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.

 

വളരെ പുതിയ വളരെ പഴയ