അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാനോസെ നഗരത്തിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. കോട്ടയം കുറിച്ചി പള്ളത്തറ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശ്ശൂർ പട്ടിക്കാട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസിന്റെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ അനിലയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ കുടുംബസമേതം താമസിച്ചിരുന്നവരാണ് മൂവരും. അഞ്ജനയെ ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയുടെ ഭർത്താവ് വിജീഷിൽ നിന്ന് വിവരമറിഞ്ഞ് ആനിയുടെ ഭർത്താവ് ജേക്കബ് ആനിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഫ്ലാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിൽ കുത്തേറ്റ് മരിച്ച നിലയിൽ ആനിയെ കണ്ടെത്തിയത്.
മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആനിക്ക് അടുത്തിടെ ഐടി മേഖലയിൽ ജോലി ലഭിച്ചിരുന്നു. അതേസമയം അനിലയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നതായും വിവരം പുറത്തുവരുന്നുണ്ട്. സംഭവത്തിന് ജോലി സംബന്ധമായ കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കൊല്ലപ്പെട്ട ആനിക്ക് പത്തും അഞ്ചും വയസ്സുള്ള രണ്ട് മക്കളും അഞ്ജനയ്ക്ക് ഒരു മകളുമുണ്ട്.
