ദോഹ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ ബാഗുകൾ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. തെറ്റായ രീതിയിലുള്ള ബാഗ് ഉപയോഗം കുട്ടികളിൽ നടുവേദന, തോളുവേദന, നട്ടെല്ലിന്റെ ആകൃതിയിലുള്ള വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
ബാഗിന്റെയും അതിലുള്ള സാധനങ്ങളുടെയും ആകെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10% മുതൽ 15% വരെ മാത്രമേ ആകാൻ പാടുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമായ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകളാണ് തിരഞ്ഞെടുക്കേണ്ടത്. നട്ടെല്ലിന് സംരക്ഷണം നൽകാൻ കട്ടിയുള്ള പാഡിംഗുള്ള പിൻഭാഗവും വീതിയേറിയ സ്ട്രാപ്പുകളും അരപ്പട്ടയുമുള്ള ബാഗുകൾ ആയാസം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഭാരമേറിയ പുസ്തകങ്ങൾ ബാഗിന്റെ അടിഭാഗത്തും മുതുകിനോട് ചേർന്നും ക്രമീകരിക്കണം. ബാഗ് ഒരു തോളിൽ മാത്രം തൂക്കിയിടാതെ ഇരു തോളുകളിലും സ്ട്രാപ്പുകൾ ഇട്ട് ഉപയോഗിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
