റിയാദ്: സൗദി അറേബ്യയിലെ ടെലികോം കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്കുകൾക്കും നൽകുന്ന ഓഫറുകൾക്കും കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (CST) തീരുമാനിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ നടപടി. നിർദ്ദിഷ്ട നിയമങ്ങളുടെ കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി 'ഇസ്തിത്ലാ' വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചാരിറ്റി സ്ഥാപനങ്ങളിലേക്ക് ഫോൺ വഴി സംഭാവന നൽകുന്നതിന് കമ്പനികൾ ഈടാക്കുന്ന സർവീസ് ചാർജിന് ഇനി പ്രത്യേക പരിധിയുണ്ടാകും. ടോൾ ഫ്രീ നമ്പറുകളിലേക്ക് കോളുകൾ സ്വീകരിക്കുന്നതിനും കമ്പനികൾക്ക് പരമാവധി നിരക്ക് നിശ്ചയിക്കും. പുതിയ ലോയൽറ്റി പ്രോഗ്രാമുകളോ ഓഫറുകളോ അവതരിപ്പിക്കുന്നതിന് മുൻപ് സിഎസ്ടിയുടെ അനുമതി വാങ്ങണം. കാലാവധി അവസാനിച്ച ഓഫറുകൾ അതോറിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ നീട്ടാനോ പരസ്യം ചെയ്യാനോ പാടില്ല.
അതോറിറ്റി അംഗീകരിച്ച നിരക്കിൽ കൂടുതൽ തുക ഈടാക്കാൻ കമ്പനികൾക്ക് അവകാശമുണ്ടായിരിക്കില്ല. കൂടാതെ ഡിജിറ്റൽ ഓഫറുകൾ, ഫിക്സഡ് വയർലെസ് ആക്സസ്, ലൊക്കേഷൻ മാറിയുള്ള ഇന്റർനെറ്റ് ഉപയോഗം എന്നിവയ്ക്കും പ്രത്യേക നിബന്ധനകൾ ബാധകമായിരിക്കും.
