മസ്‌കത്ത്: വിദേശങ്ങളിൽ നിന്ന് ഓൺലൈൻ വഴി വാങ്ങുന്ന വ്യക്തിഗത പാർസലുകൾക്കും കൊറിയറുകൾക്കുമുള്ള നികുതി രഹിത പരിധി (Duty Free Cap) പരമാവധി 100 ഒമാനി റിയാലായി നിശ്ചയിച്ച് ഒമാൻ പുതിയ കസ്റ്റംസ് നിയമം പ്രഖ്യാപിച്ചു. ജിസിസി പൊതു കസ്റ്റംസ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായാണ് ഈ നടപടി.
നേരത്തെ വിദേശ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങി തപാൽ വഴിയോ കൊറിയർ വഴിയോ ഒമാനിലേക്ക് അയക്കുമ്പോൾ ഉയർന്ന തുകയ്ക്ക് നികുതി ഇളവ് ലഭിച്ചിരുന്നു. എന്നാൽ പുതിയ നിബന്ധനയോടെ 100 റിയാലിന് മുകളിലുള്ള ഇറക്കുമതികൾക്ക് നികുതി നൽകേണ്ടിവരും.
ഓൺലൈൻ ഷോപ്പിംഗിന് പുറമേ, യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങൾ, ചാരിറ്റബിൾ സംഘടനകൾ, ഭിന്നശേഷിക്കാർക്കുള്ള ഇറക്കുമതികൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവയ്ക്കുള്ള കസ്റ്റംസ് ഇളവുകളും പുതിയ ഉത്തരവിലൂടെ പരിഷ്കരിച്ചിട്ടുണ്ട്. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ച പുതിയ ഉത്തരവ് റോയൽ ഡിക്രി പ്രകാരമുള്ള കസ്റ്റംസ് പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
