വിമാനം വൈകി; പ്രവാസി മലയാളിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്, വിധി ഒൻപത് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ

 


തിരുവനന്തപുരം: വിമാനം വൈകിയതിനെത്തുടർന്ന് രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങുകയും തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരികയും ചെയ്ത സംഭവത്തിൽ പ്രവാസി മലയാളിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഒമ്പത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന 42-കാരനായ കപിൽദേവിന് അനുകൂലമായി വിധി വന്നത്.

2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മുംബൈ വഴിയുള്ള എയർ ഇന്ത്യയുടെ കണക്റ്റിംഗ് വിമാനത്തിലാണ് കപിൽദേവ് സൗദി അറേബ്യയിലേക്ക് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ള ആദ്യ വിമാനം രണ്ട് മണിക്കൂറിലധികം വൈകി. തുടർയാത്രയെക്കുറിച്ച് വിമാനത്താവള ജീവനക്കാരോട് അന്വേഷിച്ചെങ്കിലും മുംബൈയിൽ എത്തിയപ്പോഴേക്കും സൗദിയിലേക്കുള്ള കണക്റ്റിംഗ് വിമാനം പുറപ്പെട്ടുപോയിരുന്നു.

മുംബൈയിൽ കുടുങ്ങിയ കപിൽദേവിന് രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നതായും എയർ ഇന്ത്യ ആവശ്യമായ സഹായമോ താമസസൗകര്യമോ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സൗദിയിലുള്ള കുടുംബം ട്രാവൽ ഏജൻസി വഴി പുതിയ ടിക്കറ്റിനായി 49,000 രൂപയോളം ചെലവഴിക്കുകയായിരുന്നു. ഉപയോഗിക്കാത്ത ടിക്കറ്റ് തുകയുൾപ്പെടെ 83,000 രൂപയുടെ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്.

വരാനിരുന്ന വിമാനം വൈകിയെത്തിയതാണ് കാലതാമസത്തിന് കാരണമായതെന്നും യാത്രക്കാർക്ക് ലഘുഭക്ഷണം നൽകുകയും വിവരങ്ങൾ അറിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എന്നുമായിരുന്നു എയർ ഇന്ത്യയുടെ വാദം. എന്നാൽ സേവനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കമ്മീഷൻ സാമ്പത്തിക നഷ്ടം, മാനസിക വിഷമം, നിയമനടപടിക്കുള്ള ചെലവുകൾ എന്നിവ കണക്കിലെടുത്ത് കപിൽദേവിന് നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഉത്തരവിടുകയായിരുന്നു.




വളരെ പുതിയ വളരെ പഴയ