ദുബൈ: ദുബൈയിലെ പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെഎച്ച്ഡിഎ) പുതിയ പ്രഖ്യാപനം. തൊട്ടുമുമ്പ് ഏത് രാജ്യത്താണോ പഠിച്ചത്, പഠന രീതി, ഭാഷാപരമായ പരിമിതികൾ എന്നിവയുടെ പേരിൽ കുട്ടികളുടെ ക്ലാസ് താഴ്ത്തി പ്രവേശനം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല.
ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടാനെത്തുന്ന വിദ്യാർഥികൾക്ക് പ്രായത്തിന് അനുയോജ്യമായ ക്ലാസുകളിൽ തന്നെ പ്രവേശനം നൽകണമെന്ന് കെഎച്ച്ഡിഎ പുറത്തിറക്കിയ പുതിയ മാർഗരേഖ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്ക് മതിയായ വായനാ-എഴുത്തു കഴിവുകൾ ഇല്ലെങ്കിലും അവരുടെ പ്രായത്തിന് അനുയോജ്യമായ ക്ലാസുകളിൽ തന്നെ പ്രവേശനം നൽകണം.
ഇത്തരം വിദ്യാർഥികൾക്കായി ക്ലാസ് മുറികളിൽ പ്രത്യേക ശ്രദ്ധ, തിരുത്തൽ അധ്യാപന രീതികൾ, അടിസ്ഥാന വായനാ-ഗണിത പരിശീലനങ്ങൾ, വ്യക്തിഗത പഠനപദ്ധതികൾ എന്നിവ സ്കൂളുകൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്. ആദ്യ ടേമിൽ തന്നെ കുട്ടികളെ സഹപാഠികൾക്കൊപ്പമെത്തിക്കാൻ സ്കൂളുകൾ പ്രത്യേക പിന്തുണ നൽകണം.
2026-27 അധ്യയന വർഷം മുതൽ പ്രീ-കെ.ജി മുതൽ കെജി 2 വരെയുള്ള പ്രവേശനത്തിന് കുട്ടിയുടെ പ്രായമാണ് പ്രധാന മാനദണ്ഡം. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ ഡിസംബർ 31-നകം പ്രീ-കെജിക്ക് മൂന്ന് വയസ്സും കെജി 1-ന് നാല് വയസ്സും കെജി 2-ന് അഞ്ച് വയസ്സും, ഒന്നാം ക്ലാസിന് ആറ് വയസ്സും തികഞ്ഞിരിക്കണം. ഏപ്രിൽ അധ്യയന വർഷം പിന്തുടരുന്ന സ്കൂളുകളിൽ മാർച്ച് 31 ആണ് കണക്കാക്കുന്ന തീയതി.
ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനാണ് (ടിസി) മുൻഗണന നൽകുക. പൊതുവേ കുട്ടികളെ തോൽപ്പിക്കുന്ന രീതി കെഎച്ച്ഡിഎ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ കുട്ടിക്ക് വളർച്ചാപരമായ വലിയ പിന്നാക്കാവസ്ഥയുണ്ടെന്ന് വിദഗ്ധ പരിശോധനയിലൂടെ വ്യക്തമായാൽ കെഎച്ച്ഡിഎയുടെ പ്രത്യേക അനുമതിയോടെ മാത്രം താഴ്ന്ന ക്ലാസിലേക്ക് മാറ്റാം.
