ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫെൻസ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
അപകട സ്ഥലം സുരക്ഷിതമാക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ അഞ്ചുപേർക്കും ആവശ്യമായ വൈദ്യസഹായം നൽകിവരികയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും സ്ഫോടനത്തിന് കാരണവും അധികൃതർ അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ വർഷം നവംബർ അഞ്ചിന് ഇതേ ഷെയ്ഖ് സായിദ് റോഡിലെ ഒരു സൈക്കിൾ വെയർഹൗസിൽ വൻ തീപിടിത്തമുണ്ടായിരുന്നു. അർധരാത്രിയോടെയുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് സിവിൽ ഡിഫെൻസ് സംഘം നിയന്ത്രണവിധേയമാക്കിയത്.
ആ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. നിലവിലെ അപകടത്തിൽ കൂടുതൽ വിവര ശേഖരണത്തിനായി ദുബായ് പോലീസും സിവിൽ ഡിഫെൻസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
