സൻആ:യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലായതിന് പിന്നാലെ, സൗദി അറേബ്യയും യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അമേരിക്കയ്ക്കുള്ള തിരിച്ചടിയായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പുറമെ, ഹൂതികളിൽ നിന്നുള്ള ഭീഷണി കൂടിയാകുന്നതോടെ മേഖല കൂടുതൽ സംഘർഷഭരിതമാകുകയാണ്.
ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരെ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ, ഇവരെ ചെറുക്കാൻ സൗദി അറേബ്യ പുതിയൊരു സമുദ്ര പ്രതിരോധ സഖ്യത്തിന് രൂപം നൽകിയിരുന്നു. ബാബ് അൽ-മൻദെബ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെയുള്ള ഊർജ്ജ വിതരണ പാതകളുടെയും കപ്പൽ ഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ സഖ്യം. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖ്യത്തിന് സ്ഥിരം കമാൻഡും പ്രവർത്തന കേന്ദ്രവും ഉണ്ടായിരിക്കും.
എന്നാൽ സൗദിയുടെ ഈ നീക്കത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി ഹൂതികൾ രംഗത്തെത്തി. സൗദിയുമായി പൂർണമായ ഒരു സംഘർഷത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ-ഹൂതി ടെലിവിഷൻ പ്രസംഗത്തിലൂടെ വ്യക്തമാക്കി. യമനെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയത് സൗദിയാണെന്നും, 2015-ൽ സൗദി സഖ്യം ഇടപെട്ടത് മുതൽ അമേരിക്ക-സൗദി അധിനിവേശം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യമന്റെ ശക്തമായ ചെറുത്തുനിൽപ്പിന് മുന്നിൽ പരാജയം തിരിച്ചറിഞ്ഞാണ് സൗദി-അമേരിക്കൻ സഖ്യം മുമ്പ് ആക്രമണത്തിൽ നിന്ന് പിൻവാങ്ങിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തങ്ങളുടെ 'അൻസാർ അള്ളാ' പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നത് ഇറാനോ മറ്റ് വിദേശ ശക്തികളോ ആണെന്ന ആരോപണം അബ്ദുൽ മാലിക് തള്ളി. യമന്റെ പരമാധികാരവും വിഭവങ്ങളും സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നിരുന്നാലും, 2014-ൽ സന (Sana'a) പിടിച്ചെടുത്ത് യെമൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഹൂതികൾ, ഇറാന്റെ 'പ്രതിരോധ അച്ചുതണ്ട്' (Axis of Resistance) സഖ്യത്തിന്റെ പ്രധാന ഭാഗമായാണ് അറിയപ്പെടുന്നത്. സൗദിയുടെ പുതിയ പ്രതിരോധ സഖ്യവും ഹൂതികളുടെ തിരിച്ചടി മുന്നറിയിപ്പും ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
