യുഎഇയിൽ തൊഴിൽ വിപണി ശക്തമാകുന്നു: കോവിഡിന് മുമ്പുള്ളതിനേക്കാൾ മികച്ച വളർച്ചയെന്ന് ലിങ്ക്ഡ്ഇൻ റിപ്പോർട്ട്

 


അബുദാബി: കോവിഡ് മഹാമാരിക്ക് മുൻപുള്ളതിനേക്കാൾ ശക്തമായ തൊഴിൽ വളർച്ച രേഖപ്പെടുത്തി യുഎഇ. ലിങ്ക്ഡ്ഇന്നും യുഎഇ വിദേശവ്യാപാര മന്ത്രാലയവും ചേർന്ന് തയാറാക്കിയ യുഎഇ സാമ്പത്തിക ഗ്രാഫ് റിപ്പോർട്ട് 2026 ലാണ് ഈ വിവരങ്ങളുള്ളത്. തൊഴിൽ തേടി യുഎഇയിൽ എത്തുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ ഈ റിപ്പോർട്ട് മലയാളി ഉദ്യോഗാർഥികൾക്കും ഏറെ ആശ്വാസം നൽകുന്നതാണ്.

​2025ലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിൽ നിയമനങ്ങൾ 2019 ലെ നിലവാരത്തേക്കാൾ ഉയർന്ന നിലയിലാണ് മുന്നേറുന്നത്. ആഗോളതലത്തിൽ ചുരുക്കം രാജ്യങ്ങൾക്ക് മാത്രമാണ് മഹാമാരിക്ക് ശേഷമുള്ള നിയമനങ്ങളിൽ ഇത്തരം ഒരു വീണ്ടെടുപ്പ് നടത്താൻ കഴിഞ്ഞത്. 2026ന്റെ തുടക്കത്തിൽ മേഖലയിൽ ചില അസ്ഥിരതകൾ പ്രകടമായെങ്കിലും ജൂൺ വരെയുള്ള സമയത്ത് തൊഴിൽ മേഖല വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുന്നതായാണ് സൂചന.

​യുഎഇയിലെ വിവിധ മേഖലകളിൽ റിയൽ എസ്റ്റേറ്റ് രംഗത്താണ് ഏറ്റവും കൂടുതൽ നിയമന വളർച്ച രേഖപ്പെടുത്തിയത്. ഇതുകൂടാതെ വിദ്യാഭ്യാസം, നിർമാണം, ആരോഗ്യരംഗം, ഗതാഗതം, ഭരണ-പിന്തുണാ സേവനങ്ങൾ തുടങ്ങിയ മേഖലകളും ഉയർന്ന തൊഴിൽ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിൽ ലോകത്തെ മുൻനിര വിപണികളിലൊന്നായി യുഎഇ തുടരുകയാണെന്ന് വിദേശവ്യാപാര മന്ത്രി ഡോ. താനി അൽ സെയൂദി വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ