വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സന്ദേശങ്ങൾ മറ്റുള്ളവർക്ക് പങ്കിടുന്നതിന് മുൻപ് അവയുടെ സത്യസന്ധത ഉറപ്പുവരുത്തണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ വെബ്സൈറ്റ് ലിങ്കുകൾ, അക്ഷരത്തെറ്റുകൾ, അസ്വാഭാവികമായ ലേഔട്ട് എന്നിവ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്.
സന്ദേശം താൻ സ്വന്തമായി തയ്യാറാക്കിയതല്ല എന്ന വാദം ചൂണ്ടിക്കാട്ടി നിയമനടപടിയിൽ നിന്ന് തടിയൂരാൻ കഴിയില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. മറ്റൊരാളിൽ നിന്ന് ലഭിച്ച വ്യാജ വാർത്തയോ സന്ദേശമോ ഫോർവേഡ് ചെയ്യുന്നതും നിയമപരമായി പുതിയൊരു പ്രസിദ്ധീകരണമായിത്തന്നെയാണ് കണക്കാക്കുക. ദുരുദ്ദേശ്യമില്ലാതെയാണ് പങ്കുവെച്ചതെങ്കിൽ പോലും വ്യാജ വിവരങ്ങളോ അനുമതിയില്ലാത്ത വ്യക്തിഗത വിവരങ്ങളോ പ്രചരിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.
വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ഗ്രൂപ്പുകൾക്കും ഇതേ നിയമങ്ങൾ ബാധകമാണ്. സന്ദേശങ്ങൾ പങ്കുവെക്കുന്നത് സ്വകാര്യ ഗ്രൂപ്പുകളിലാണെന്നത് യുഎഇയിലെ സൈബർ നിയമങ്ങളിൽ നിന്ന് ഒളിച്ചോടാൻ കാരണമാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഓരോ സന്ദേശവും സത്യാവസ്ഥ പരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യണമെന്നും സംശയമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
