സൗദിയിൽ അരാംകോ റിഫൈനറിയിലും ദമ്മാമിലെ വാണിജ്യ സമുച്ചയത്തിലും തീപിടുത്തം

 


സൗദി അറേബ്യയിലെ ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ ഒരു കേന്ദ്രത്തിൽ ഉൾപ്പെടെ രണ്ടിടങ്ങളിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് റിഫൈനറിയിൽ തീപിടുത്തമുണ്ടായത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആവശ്യമായ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ, ദമ്മാം റബീഅ ഏരിയയിലെ കാനൂ ഗ്രൂപ്പിന്റെ കെട്ടിട സമുച്ചയത്തിലും തീപിടുത്തമുണ്ടായി. മുപ്പത് നിലകളുള്ള കൂറ്റൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഇരുപതോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. മലയാളികളുടേത് ഉൾപ്പെടെ നിരവധി പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.

കാനൂ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ് ഉൾപ്പെടെയുള്ളവയാണ് മുകളിലത്തെ നിലകളിൽ പ്രവർത്തിച്ചിരുന്നത്. ലിഫ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വളരെ പുതിയ വളരെ പഴയ