അബുദബി: മിഡിൽ ഈസ്റ്റിലെ ആദ്യ കൃത്രിമബുദ്ധി അധിഷ്ഠിത വാഹന നിർമാണ കേന്ദ്രം അബുദബിയിൽ പ്രവർത്തനം ആരംഭിച്ചു. റോക്സ് അഡമാസ് വിഭാഗത്തിലെ ആദ്യ മൂന്ന് വാഹനങ്ങൾ 'മേഡ് ഇൻ യു എ ഇ' എന്ന ഔദ്യോഗിക മുദ്രയോടെ നിർമാണശാലയിൽ നിന്ന് പുറത്തിറങ്ങി. വ്യവസായ നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ 'മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ്' സംരംഭത്തിന്റെ ഭാഗമായി അബുദബി ഇൻവെസ്റ്റ്മെന്റ് ഓഫീസുമായി സഹകരിച്ചാണ് റോക്സ് ഈ കേന്ദ്രം സജ്ജമാക്കിയത്.
ഖലീഫ ഇക്കണോമിക് സോണിൽ (കിസാദ്) 10000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക അസംബ്ലി പ്ലാന്റ് ഒരുക്കിയിട്ടുള്ളത്. എൺപതിലധികം പ്രധാന വാഹന ഘടകങ്ങളുടെ പ്രാദേശിക സംയോജനം, പൂർണ വാഹന നിർമാണം, സാങ്കേതിക കാലിബ്രേഷൻ, അന്തിമ ഗുണനിലവാര പരിശോധന എന്നിവയെല്ലാം ഇവിടെ നേരിട്ടാണ് നടത്തുന്നത്.
പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം 20000 വാഹനങ്ങൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് 2030 ഓടെ വാർഷിക ഉത്പാദനം മൂന്ന് ലക്ഷം വാഹനങ്ങളായി ഉയർത്താനും അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി കൃത്രിമബുദ്ധി ഗവേഷണശാലയും നൂതന രൂപകല്പനാ കേന്ദ്രവും ഇവിടെ തുറന്നിട്ടുണ്ട്. അബുദബിയിൽ പൂർണമായി രൂപകൽപ്പന ചെയ്യുന്ന ആദ്യ വാഹനം 2027 മാർച്ചിൽ പുറത്തിറങ്ങും. ഇമാറാത്തി പാരമ്പര്യ കലയായ ഈന്തപ്പനയോല നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനാണ് ഇതിനായി ഒരുങ്ങുന്നത്.
