ജപ്പാൻ :ജോലിസ്ഥലത്തുനിന്ന് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിനിയായ യുവതിയെ ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവിക (22) ആണ് മരിച്ചത്. ജപ്പാനിലെ കമിഗാഹാരയിൽ ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20-ഓടെയായിരുന്നു അപകടം. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് മരിച്ചത് ദേവികയാണെന്ന് ഉറപ്പിച്ചത്.
ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ആറുമാസം മുൻപാണ് നഴ്സിംഗ് അസിസ്റ്റന്റായി ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചത്. മൂന്നു വർഷത്തെ കരാറിലായിരുന്നു നിയമനം. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധുക്കളും പ്രവാസി സംഘടനകളും ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
