ദോഹ: ഖത്തറിലെ തൊഴിൽ സ്ഥാപനങ്ങൾ തൊഴിലാളികൾക്കുള്ള വേതനം എല്ലാ മാസവും ഏഴാം തീയതിക്കകം വിതരണം ചെയ്തിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു. വേതന സംരക്ഷണ സംവിധാനം അഥവാ ഡബ്ല്യുപിഎസ് ചട്ടങ്ങളിൽ നിർണായക ഭേദഗതി വരുത്തി കൊണ്ടാണ് മന്ത്രാലയം ഈ പുതിയ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
പുതിയ വ്യവസ്ഥ അനുസരിച്ച് വാർഷിക, പ്രതിമാസ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ വേതന കാലയളവ് ഓരോ മാസത്തിന്റെയും ഒന്നാം തീയതി മുതൽ ആരംഭിക്കുന്നതായി കണക്കാക്കും. തുടർന്നുള്ള ഏഴു ദിവസത്തിനകം ഡബ്ല്യുപിഎസ് വഴി ശമ്പളം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകണം. മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ശമ്പളം രണ്ടാഴ്ചയിലൊരിക്കൽ നൽകേണ്ടതാണ്. ഓരോ രണ്ടാഴ്ച കാലയളവിന്റെയും ആദ്യ ദിവസം മുതൽ തന്നെ ശമ്പളത്തിന് അർഹതയുണ്ടെന്ന് പുതിയ ചട്ടത്തിൽ പറയുന്നു.
ഈ ഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയും തടവും ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്ക് വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ കമ്പനികളും ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
