ടെഹ്റാൻ: എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ട് യു.എസും ഇറാനും തമ്മിൽ ആക്രമണം കടുപ്പിച്ചതോടെ ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതത്തിൽ വൻ ഇടിവ്. കഴിഞ്ഞയാഴ്ച ഹോർമുസ് വഴി കടന്നുപോയ കപ്പലുകളുടെ എണ്ണത്തിൽ 28 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇക്കാലയളവിൽ കേവലം 77 കപ്പലുകൾ മാത്രമാണ് ഇതുവഴി സഞ്ചരിച്ചത്.
കപ്പൽ ചലനങ്ങളും ആഗോള ചരക്ക് നീക്കങ്ങളും നിരീക്ഷിക്കുന്ന പ്രമുഖ വിപണി വിശകലന ഏജൻസിയായ 'കെപ്ലർ' (Kpler) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. ഹോർമുസ് ജലപാത പൂർണമായും തുറന്നിട്ടുണ്ടെന്നും തങ്ങളുടെ നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും യു.എസ് അവകാശപ്പെടുമ്പോഴാണ് വിപണി ഏജൻസിയുടെ കണക്കുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ വിവരങ്ങൾ പരിശോധിച്ചാൽ ദിവസേനയുള്ള ശരാശരി കപ്പലുകളുടെ എണ്ണം പത്തായി ചുരുങ്ങി. മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ശനിയാഴ്ച കേവലം 2 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടന്നത്. വെള്ളിയാഴ്ച 15-ഉം ശനിയാഴ്ച 13-ഉം കപ്പലുകൾ ഇതുവഴി സഞ്ചരിച്ചു. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ഭൂരിഭാഗം കപ്പലുകളും സർവീസുകൾ നിർത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുകയാണ്.
