ന്യൂഡൽഹി: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ നടന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ തികച്ചും അസ്വീകാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഒക്ടോബർ 6, 7 തീയതികളിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ അബഹ, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. നാല് പ്രവിശ്യകളിലായി ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു.
2014 സെപ്റ്റംബറിൽ യെമൻ തലസ്ഥാനമായ സനയും മറ്റ് നിരവധി പ്രവിശ്യകളും ഹൂതി വിമതർ പിടിച്ചെടുത്തതോടെയാണ് പ്രദേശം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായത്. തുടർന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള യെമൻ സർക്കാരിനെ പിന്തുണച്ചുകൊണ്ട് 2015 മാർച്ച് മുതലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിഷയം കൈകാര്യം ചെയ്യാൻ സൈനികമായി ഇടപെടൽ ആരംഭിച്ചത്.
