ഫ്ലൈ ദുബായ് കോപൈലറ്റ് വിമാനം പറത്തുന്നതിൽ നിന്ന് മുൻപ് വിലക്കപ്പെട്ടിരുന്നതായി റിപ്പോർട്ട്


ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച സഹപൈലറ്റിന് തീവ്ര ആശയങ്ങളുമായുള്ള ബന്ധം സംശയിച്ച് ഒമാൻ നേരത്തെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നതായി റിപ്പോർട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീവ്രവാദ ആശയങ്ങൾ പിന്തുടരുന്ന വ്യക്തിയാണെന്ന സംശയത്തെ തുടർന്ന് ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കി ഭരണപരമായ മറ്റ് ചുമതലകളിലേക്ക് മാറ്റിയിരുന്നതായി അസോസിയേറ്റഡ് പ്രസ്സും (AP) റിപ്പോർട്ട് ചെയ്തു.

29 വയസ്സുള്ള ഹമാം അൽ-ഹമ്മാമിയാണ് അക്രമം നടത്തിയതെന്ന് യു.എസ്. മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഒമാൻ സ്വദേശിയായ പിതാവിന്റെയും സിറിയൻ വംശജയായ മാതാവിന്റെയും മകനായ ഇയാൾ വർഷങ്ങളായി യു.എ.ഇയിലാണ് താമസിച്ചു വരുന്നത്.

ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് സാധാരണ സുരക്ഷാ പരിശോധനകൾക്ക് വിധേയനായിരുന്നുവെങ്കിലും ക്രിമിനൽ പശ്ചാത്തലം മാത്രമാണ് അതിൽ പരിശോധിച്ചിരുന്നതെന്ന് ഗൾഫ് നയതന്ത്രജ്ഞൻ വ്യക്തമാക്കി. കൂടാതെ, 2024-ൽ ഇയാളുടെ കൈവശം തീവ്രവാദ ആശയങ്ങൾ അടങ്ങിയ വസ്തുക്കൾ കണ്ടെത്തിയിരുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ