ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം: പരുക്കേറ്റ ഇന്ത്യൻ പൈലറ്റിനെ ദുബായിലേക്ക് മാറ്റി; അടിയന്തര ശസ്ത്രക്രിയ പൂർത്തിയായി


ദുബായ്: സഹപൈലറ്റിന്റെ കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റ് സൗദി അറേബ്യയിലെ തബൂക്കിൽ ചികിത്സയിലായിരുന്ന ഫ്ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ഛാറിനെ തുടർചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ പൂർത്തിയായതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായിലെ കോൺസൽ ജനറൽ ഡോ. വിഷ്ണുവർധന റെഡ്ഡിയും അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചു.

ബുധനാഴ്ച രാവിലെ ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ വിമാനത്തിലാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിത്ത് മച്ഛാറിനെ ആക്രമിച്ചത്. ആക്രമണത്തിൽ രക്തത്തിൽ കുളിച്ച അവസ്ഥയിലും മച്ഛാർ സമയോചിതമായി കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതിനാൽ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാൻ സാധിച്ചു. 174 യാത്രക്കാരുടെ ജീവനാണ് ഇദ്ദേഹത്തിന്റെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെട്ടത്. മേഖലയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് അധികമായി നിയോഗിച്ചിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തതോടെ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

അക്രമം നടത്തിയ സഹപൈലറ്റിനെ സൗദി അറേബ്യയിൽ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക അന്വേഷണത്തിനുശേഷം ഇയാളെ യു.എ.ഇക്ക് കൈമാറും. സംഭവത്തെത്തുടർന്ന് ഫ്ലൈദുബായ് ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. 9,750 മണിക്കൂറിലേറെ വിമാനം പറത്തി പരിചയസമ്പത്തുള്ള മച്ഛാർ 2022ലാണ് ഫ്ലൈദുബായിൽ എത്തുന്നത്.



വളരെ പുതിയ വളരെ പഴയ