ദുബായ്: തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രച്ചെലവിനെന്ന പേരിൽ പണം ആവശ്യപ്പെട്ട് ഭിക്ഷാടനം നടത്തിവന്ന 22 അംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പോലീസ് ആപ്പിലെ 'Police Eye' സേവനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘടിതമായി പ്രവർത്തിച്ചിരുന്ന ഈ സംഘം പിടിയിലായത്.
വാഹനമോടിക്കുന്നവരെ സമീപിച്ച് യാത്രാച്ചെലവിന് പണമില്ലാതെ കുടുങ്ങിയിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവർ പണം തട്ടിയിരുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഒരു പ്രതിയെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഴുവൻ സംഘത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചത്. അൽ ഖോർ സ്ട്രീറ്റ്, റാസ് അൽ ഖോർ, ബു കദ്ര പാലം പരിസരം, ദുബായ്-അൽ ഐൻ റോഡ് പാലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
കൃത്യമായ ആസൂത്രണത്തിലൂടെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് 22 പേരും അറസ്റ്റിലായത്. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ദുബായ് പോലീസ് അറിയിച്ചു. സംശയസ്പദമായ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
