വാഷിംഗ്ടൺ:ഫ്‌ളൈ ദുബായ് വിമാനം റാഞ്ചാൻ നടന്ന ശ്രമത്തിന് പിന്നിൽ ഇറാനാണെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിമാനത്തിൽ ക്യാപ്റ്റനെ അക്രമിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിൽ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ബന്ധം വ്യക്തമായാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വ്യക്തമാക്കി.
രണ്ട് പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഫ്‌ളൈ ദുബായ് വിമാനം സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന വിമാനം, കോക്ക്പിറ്റിലുണ്ടായ സംഘർഷത്തെത്തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
കോക്ക്പിറ്റിലുണ്ടായ സംഘർഷത്തിനിടെ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒമാനി സഹപൈലറ്റിൽ നിന്ന് കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിരോധം തുടർന്ന ക്യാപ്റ്റൻ കോക്ക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ഇടപെടുകയായിരുന്നു. തുടർന്ന് തബൂക്കിൽ സുരക്ഷിതമായി ഇറക്കിയ വിമാനത്തിൽ നിന്ന് ക്യാപ്റ്റനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
