പൈലറ്റ് സ്മിത്ത് മഛാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; 'ധൈര്യത്തിന്റെയും കരുതലിന്റെയും ആൾരൂപം' എന്ന് പ്രശംസ


ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മഛാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സമുന്നതിയുടെ ആൾരൂപം എന്നാണ് സ്മിത്ത് മഛാറിനെ ഷെയ്ഖ് ഹംദാൻ വിശേഷിപ്പിച്ചത്. ആശുപത്രിക്കിടക്കയിൽ സ്മിത്തിന് സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

യു. എ. ഇ. നിലകൊള്ളുന്ന മൂല്യങ്ങളുടെയും ചരിത്രത്തിന്റെയും ഭാഗമാണ് സ്മിത്തെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. സംഭവത്തെ അപകടകരമായ ഭീകരപ്രവർത്തിയായി വിശേഷിപ്പിച്ച യു. എ. ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും സ്മിത്തിനെ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെയുള്ള പ്രമുഖ ലോക നേതാക്കൾ മുൻപ് സ്മിത്തിന്റെ വീരത്യത്തെ പ്രശംസിച്ചിരുന്നു.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ചാണ് സഹപൈലറ്റ് അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റിട്ടും ആക്രമണത്തെ ശക്തമായി ചെറുത്ത സ്മിത്ത്, യാത്രക്കാരുടെ സഹായത്തോടെ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്മിത്ത് മഛാർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.



വളരെ പുതിയ വളരെ പഴയ